കൊച്ചി: കൊച്ചി നഗരസഭ പരിധിയിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സി.എസ്.എം.എൽ (Cochin Smart Mission Limited) സ്മാർട്ട് എൽ.ഇ.ഡി തെരുവിളക്കുകൾ വ്യാപകമായി പ്രവർത്തനരഹിതമായി കിടക്കുന്നതുവഴി പൊതുജനങ്ങൾ നേരിടുന്ന കടുത്ത ദുരിതത്തിനെതിരെ ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണി പൂർണ്ണമായും സ്തംഭിച്ച പശ്ചാത്തലത്തിൽ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പും കൊച്ചി കോർപ്പറേഷനും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഏകദേശം 30 കോടിയോളം രൂപ ചിലവഴിച്ച് നഗരത്തിൽ 40,000-ത്തിലധികം സ്മാർട്ട് എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ച പദ്ധതിയാണ് നിലവിൽ വൻ പരാജയമായി മാറിയിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് തകരാറിലായ വിളക്കുകൾ പോലും അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കാൻ കരാർ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ഈ ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ സ്മാർട്ട് സിറ്റീസ് മിഷൻ നേരത്തെ തന്നെ ഇടപെടുകയും, വിഷയം പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്നതായതിനാൽ അടിയന്തരമായി പരിഹാരം കണ്ട് അപേക്ഷകന് മറുപടി നൽകാൻ കേരള തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്ര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന ഭരണകൂടത്തിന്റെയോ കോർപ്പറേഷന്റെയോ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികൾ ഉണ്ടായിട്ടില്ല.

പ്രധാന ആരോപണങ്ങളും ആവശ്യങ്ങളും:

  • കരാർ കമ്പനിയുടെ ഗുരുതര വീഴ്ച: അഞ്ചു വർഷത്തെ അറ്റകുറ്റപ്പണികൾ കരാർ കമ്പനിയുടെ ഉത്തരവാദിത്തമായിരുന്നിട്ടും അതിൽ തുടർച്ചയായ വീഴ്ചയാണ് ഉണ്ടാകുന്നത്. തകരാറുകൾ അറിയിക്കാൻ കൗൺസിലർമാർക്കായി തുടങ്ങിയ വാട്‌സാപ് ഗ്രൂപ്പുകളിൽ പോലും നിലവിൽ പരാതികൾ കുന്നുകൂടുകയാണ്.
  • കോർപ്പറേഷൻ രംഗത്തേക്ക് – വക്കീൽ നോട്ടീസ്: തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണിയിൽ നിരന്തരം വീഴ്ച വരുത്തുന്ന സി.എസ്.എം.എല്ലിനോട് വിശദീകരണം തേടാനും വക്കീൽ നോട്ടീസ് അയക്കാനും കൊച്ചി കോർപ്പറേഷൻ ഒരുങ്ങുകയാണ്. കെ.എസ്.ഇ.ബിയുടെ പിന്തുണ ലഭിക്കുന്നില്ലെന്ന കരാർ കമ്പനിയുടെ വാദങ്ങൾ കോർപ്പറേഷൻ തള്ളിക്കളഞ്ഞിട്ടുണ്ട്.
  • സേവന കരാറുകളുടെ ലംഘനവും പിഴയും: സ്മാർട്ട് ലൈറ്റുകൾ തകരാറിലായാൽ കണ്ടെത്താൻ ആധുനിക ആപ്ലിക്കേഷൻ സംവിധാനങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും, പരാതികളോട് പ്രതികരിക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ല. സി.എസ്.എം.എൽ നൽകിയിട്ടുള്ള പൊതു ഹെൽപ്പ്‌ലൈൻ നമ്പറുകൾ (7736389090) നിലവിൽ നിശ്ചലമാണ്. ഈ സാഹചര്യത്തിൽ സേവന കരാറുകൾ (SLA) ലംഘിച്ച ഏജൻസിക്കുമേൽ കനത്ത സാമ്പത്തിക പിഴ ചുമത്തണം.
  • ഊർജ്ജ ദുരുപയോഗവും സുരക്ഷാ ഭീഷണിയും: നഗരത്തിലെ പല പ്രധാന മേഖലകളും രാത്രികാലങ്ങളിൽ പൂർണ്ണമായും ഇരുട്ടിലായിരിക്കുമ്പോൾ, മറ്റ് ചിലയിടങ്ങളിൽ തെരുവ് വിളക്കുകൾ പകൽ സമയങ്ങളിൽ പോലും ദിവസങ്ങളോളം അനാവശ്യമായി തെളിഞ്ഞു കിടക്കുന്ന വിചിത്രമായ അവസ്ഥയുണ്ട്. ഇത് കടുത്ത ഊർജ്ജ പാഴാക്കലിന് കാരണമാകുന്നു.

നിലവിലെ കനത്ത മഴയും, വെള്ളക്കെട്ടും, തെരുവുനായ ശല്യവും കാരണം നഗരത്തിലെ യാത്രാസൗകര്യം കടുത്ത അപകടാവസ്ഥയിലാണ്. തെരുവിളക്കുകൾ കത്താത്തത് സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും സുരക്ഷയെ സാരമായി ബാധിക്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട്, കെ.എസ്.ഇ.ബി, സി.എസ്.എം.എൽ, കൊച്ചി കോർപ്പറേഷൻ എന്നിവരുടെ സംയുക്ത യോഗം വിളിച്ച് ചേർക്കണമെന്നും തകരാറിലായ ലൈറ്റുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കാൻ നടപടി സ്വീകരിക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്:സുജിത് സി. സുകുമാരൻ സെക്രട്ടറി – എറണാകുളം ജില്ല, ആം ആദ്മി പാർട്ടി, കേരള.  ഇമെയിൽ: sujithsukumaranaap@gmail.com

You missed