കൊച്ചി: പുല്ലേപ്പടി പാലത്തിന് (Pullepady Bridge) താഴെയുള്ള സർവീസ് റോഡിന്റെ ദയനീയ അവസ്ഥയ്ക്കും അതുമൂലം പൊതുജനങ്ങൾ അനുഭവിക്കുന്ന കടുത്ത ദുരിതങ്ങൾക്കും എതിരെ കൊച്ചി കോർപ്പറേഷനും കേരള വാട്ടർ അതോറിറ്റിയും അടിയന്തരമായി ഇടപെടണമെന്ന് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വലിയ തോതിൽ അഴുക്കുചാൽ വെള്ളം കെട്ടിക്കിടക്കുന്ന ഈ റോഡിൽ വൻ കുഴികൾ രൂപപ്പെട്ടിരിക്കുന്നതു മൂലം നിരന്തരം അപകടങ്ങളാണ് ഉണ്ടാകുന്നത്. വെള്ളക്കെട്ട് കാരണം കുഴികൾ തിരിച്ചറിയാൻ സാധിക്കാതെ ഇരുചക്രവാഹന യാത്രക്കാർ അപകടങ്ങളിൽ പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.

ഈ ഭാഗത്ത് പൊതുജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ താഴെ പറയുന്നവയാണ്:

  1. പഴയ പൈപ്പ് പൊട്ടൽ: പാലത്തിന് താഴെയുള്ള പഴയ വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയാണ് റോഡിലേക്ക് തുടർച്ചയായി വെള്ളം ഒഴുകിയെത്തുന്നത്. ഇത് പൂർണ്ണമായി ക്ലിയർ ചെയ്യുന്നത് സാങ്കേതികമായി ബുദ്ധിമുട്ടാണെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും, താൽക്കാലികമായി വെള്ളം തിരിച്ചുവിടാനോ റോഡിലേക്ക് ഒഴുക്കാതിരിക്കാനോ ഉള്ള യാതൊരു നടപടിയും ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ചിട്ടില്ല.
  2. റോഡ് തകർച്ച: വൻ തുക മുടക്കി ബി.എം.ബി.സി (BMBC) താറിംഗ് നടത്തി നിർമ്മിച്ച മികച്ച ഒരു റോഡാണ് ഇപ്പോൾ അധികൃതരുടെ അനാസ്ഥ കാരണം വെള്ളം കെട്ടിക്കിടന്ന് പൂർണ്ണമായും നശിച്ചുകൊണ്ടിരിക്കുന്നത്.
  3. കാട് കയറലും സുരക്ഷാ ഭീഷണിയും: റോഡിന്റെ ഇരുവശങ്ങളിലും വ്യാപകമായി കാട് വളർന്നു പന്തലിച്ച് വഴിനടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. ഇത് രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ താവളമാകാനും ഒപ്പം ഗുരുതരമായ പകർച്ചവ്യാധി ഭീഷണിക്കും കാരണമാകുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പുതിയ കൗൺസിലർ ഇടപെടുകയും എഞ്ചിനീയർമാർ വന്ന് സ്ഥലം പരിശോധിച്ച് പോവുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ പരിശോധന കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രശ്നത്തിന് ശാശ്വതമോ താൽക്കാലികമോ ആയ യാതൊരുവിധ പരിഹാരവും ഉണ്ടായിട്ടില്ല. രാത്രികാലങ്ങളിൽ ഈ വഴിയിലൂടെയുള്ള യാത്ര അതീവ അപകടം നിറഞ്ഞതാണ്.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന ഈ ഗുരുതര പ്രശ്നത്തിൽ കൊച്ചി കോർപ്പറേഷനും വാട്ടർ അതോറിറ്റിയും അടിയന്തരമായി ഇടപെടണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു. പൊട്ടിയ പൈപ്പ് താൽക്കാലികമായെങ്കിലും നന്നാക്കി വെള്ളക്കെട്ട് ഒഴുക്കിക്കളയാനും, കുഴികൾ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കാനും, കാട് വെട്ടിത്തെളിക്കാനും ബന്ധപ്പെട്ട അധികാരികൾക്ക് അടിയന്തര നിർദ്ദേശം നൽകി യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

വിശ്വസ്തതയോടെ,

സുജിത് സി. സുകുമാരൻ ജില്ലാ സെക്രട്ടറി,

ആം ആദ്മി പാർട്ടി, എറണാകുളം

You missed