കൊച്ചി നഗരസഭയിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ ചുള്ളിക്കൽ കുമാർ പെട്രോൾ പമ്പ് പരിസരത്തെ തീരാശാപമായ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണമെന്ന് ആം ആദ്മി പാർട്ടി കൊച്ചി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ചെറിയൊരു വേനൽമഴയിൽ പോലും ജംഗ്ഷൻ പൂർണ്ണമായും വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണ് .

കഴിഞ്ഞ 40 വർഷമായി തുടരുന്ന ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ കൊച്ചിൻ കോർപ്പറേഷൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് പാർട്ടി കുറ്റപ്പെടുത്തി.

പശ്ചിമ കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഈ ജംഗ്ഷനിലൂടെയുള്ള യാത്ര നിലവിൽ ജീവൻ പണയപ്പെടുത്തിയാണ്. കാനകൾ കൃത്യമായി വൃത്തിയാക്കാത്തതും ഡ്രെയിനേജ് സംവിധാനത്തിലെ അശാസ്ത്രീയതയുമാണ് ഇവിടെ വെള്ളം കെട്ടിക്കിടക്കാൻ കാരണം. ഇരുചക്രവാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. പ്രദേശത്തെ കച്ചവടക്കാരും ഓട്ടോ തൊഴിലാളികളും ജനങ്ങളും വർഷങ്ങളായി ദുരിതമനുഭവിക്കുമ്പോഴും കോർപ്പറേഷൻ അധികൃതർ കണ്ണടച്ചിരിക്കുകയാണ്.

നഗരസഭയുടെ ഈ ജനദ്രോഹപരമായ നിസ്സംഗതയ്ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാൻ ആം ആദ്മി പാർട്ടി തീരുമാനിച്ചു.

വരും ദിവസങ്ങളിൽ പ്രദേശവാസികളെയും വ്യാപാരികളെയും അണിനിരത്തി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് കൊച്ചി മണ്ഡലം കമ്മിറ്റി യോഗത്തിൽ ഭാരവാഹികൾ അറിയിച്ചു.

കൊച്ചി മണ്ഡലം സെക്രട്ടറി ശ്രീ.അബൂബക്കറിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സ്‌റ്റേറ്റ് സെക്രട്ടറി ശ്രീ. ഷക്കീർ അലി ശ്രീ.അത്തിക്ക് സേട്ട് ശ്രീ. ആൻ്റണി ശ്രീ. അഭിരൂപ് ശ്രീ. മുഹമ്മദ് ഹനീഫ ശ്രീ. സെബാസ്റ്റ്യൻ പൈലി. ശ്രീ.നാസർ എന്നിവർ സംസാരിച്ചു.

അബൂബക്കർ

സെക്രട്ടറി

Aam aadmi Party, Kochi

Ph.+91 94471 75146

05/06/2026

You missed