മട്ടാഞ്ചേരി: നൂറ് കണക്കിന് വിദ്യാർഥികൾ പഠനം നടത്തുന്ന സ്കൂളിന് സമീപം വൈദ്യുതി കേബിളുകൾ അപകടകരമാം വിധം കൂട്ടിയിട്ടിരിക്കുന്നതായ പരാതിയിൽ ഒടുവിൽ നടപടി.
ഫോർട്ട്കൊച്ചി സെന്റ് മേരീസ് ഗേൾസ് എൽ.പി.സ്കൂളിന് സമീപമാണ് കേബിളുകൾ കൂട്ടിയിട്ടിരിക്കുന്നതായി പരാതിയുയർന്നത്. ഈ വൈദ്യുതി കേബിളുകൾക്ക് ചെറിയ ചോർച്ചയുണ്ടായാൽ പോലും അത് വലിയ അപകടത്തിനിടയാക്കിയേനേ. ഇത് ഇവിടെ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. സി.എസ്.എം.എൽ ആണ് നീക്കം ചെയ്യേണ്ടതെന്നാണത്രേ നഗരസഭ മറുപടി നൽകിയത്. എന്നിട്ടും നടപടിയില്ലാതെ വന്നപ്പോൾ പൊലീസിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഇത് സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ കേബിളുകൾ നീക്കം ചെയ്തെന്ന തെറ്റായ മറുപടിയാണ് പൊലീസിൽ നിന്ന് ലഭിച്ചതെന്ന് പരാതിക്കാരനായ ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി ഷക്കീർ അലി പറയുന്നു. ഈ പശ്ചാത്തലത്തിലാണ് സ്കൂളുകൾക്ക് മുന്നിലെ വൈദ്യുതി കേബിളുകൾ അടക്കം മാറ്റി നടപ്പാതയിൽ തടസമായിരിക്കുന്ന പോസ്റ്റുകളും മരങ്ങളും നീക്കം ചെയ്ത് വിദ്യാർഥികൾക്ക് അപകടമില്ലാത്തവിധം യാത്ര ചെയ്യാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഷക്കീർ അലി വീണ്ടും പരാതി നൽകിയത്. ഈ പരാതിയിലാണ് ഇപ്പോൾ നടപടിയെടുത്തത്. പോസ്റ്റിൽ ചുറ്റിയിരുന്ന കേബിളുകൾ നീക്കം ചെയ്തു. മതിലിനോട് ചേർന്നുള്ള കേബിളുകൾ കെ.എസ്.ഇ.ബി കവർ ചെയ്യും.