പച്ചാളം ലൂർദ് ആശുപത്രി റോഡ് വികസനം: ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ കൊച്ചി നഗരസഭയോട് ആവശ്യം

പച്ചാളം ലൂർദ് ആശുപത്രി റോഡ് വികസനം: ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ കൊച്ചി നഗരസഭയോട് ആവശ്യം

കൊച്ചി: നഗരത്തിലെ പ്രധാന ഗതാഗത കവാടങ്ങളിലൊന്നായ പാച്ചാളം ലൂർദ് ആശുപത്രി റോഡിലെ കുരുക്ക് പരിഹരിക്കുന്നതിനായി നിർദ്ദിഷ്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിവരാവകാശ നിയമപ്രകാരം നഗരസഭയിൽ നിന്ന് ലഭ്യമായ മറുപടികളുടെ അടിസ്ഥാനത്തിൽ, പദ്ധതിയുടെ നിലവിലെ സാഹചര്യം വിശദീകരിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി സുജിത്ത് സി. സുകുമാരൻ പ്രസ്താവന പുറപ്പെടുവിച്ചു.

ചേരാനല്ലൂർ വില്ലേജിലെ സർവ്വേ നമ്പർ 996/2-ൽ ഉൾപ്പെട്ട 2 സെന്റ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2019 നവംബർ 8-ന് (തീരുമാന നമ്പർ: 46) നഗരസഭാ കൗൺസിൽ അംഗീകാരം നൽകിയിരുന്നതാണ്. 40 വർഷത്തിലേറെയായി പൊതുജനങ്ങൾ ഉപയോഗിക്കുന്ന ഈ റോഡിന്റെ വീതിക്കുറവ് പരിഹരിക്കുക എന്നത് പ്രദേശവാസികളുടെയും ലൂർദ് ആശുപത്രിയിലെത്തുന്ന രോഗികളുടെയും ദീർഘകാലത്തെ ആവശ്യമാണ്.

വിവരാവകാശ രേഖകൾ പ്രകാരമുള്ള വസ്തുതകൾ: * ഭരണാനുമതി: പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തിൽ ആശയവിനിമയം നടക്കുന്നുണ്ട്. ഭൂമി സംബന്ധിച്ച കൂടുതൽ വ്യക്തത തേടിക്കൊണ്ട് 2026 ജനുവരി 13-ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന്മേലുള്ള തുടർനടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. *

നഷ്ടപരിഹാരത്തുക: ജില്ലാ കളക്ടർ നിശ്ചയിക്കുന്ന നിരക്കിൽ ‘പൊന്നുംവില’ നൽകി ഭൂമി ഏറ്റെടുക്കുന്നതിന് കൊച്ചി നഗരസഭ മുൻപ് തന്നെ തത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. *

സാങ്കേതിക തടസ്സങ്ങൾ: ഭരണാനുമതി ലഭിക്കുന്നതിനായി നഗരസഭ സമർപ്പിക്കേണ്ട സാങ്കേതിക റിപ്പോർട്ടുകളിലും രേഖകളിലും നിലനിൽക്കുന്ന കാലതാമസം പദ്ധതി വൈകാൻ കാരണമാകുന്നുണ്ടെന്ന് രേഖകൾ സൂചിപ്പിക്കുന്നു.ഈ വിഷയത്തിൽ നഗരസഭയുടെ ടൗൺ പ്ലാനിംഗ് വിഭാഗം പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും, പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ട വിവരങ്ങൾ കാലതാമസം കൂടാതെ നൽകി ഭരണാനുമതി ഉറപ്പാക്കണമെന്നും സുജിത്ത് സി. സുകുമാരൻ ആവശ്യപ്പെട്ടു.

ഗതാഗതക്കുരുക്ക് മൂലം ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നേരിടുന്ന പ്രയാസം കണക്കിലെടുത്ത്, ഈ വികസന പ്രവർത്തനം മുൻഗണനാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ നഗരസഭ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.