വടുതലയിൽ അപകടാവസ്ഥയിലായിരുന്ന കൂറ്റൻ മരം മുറിച്ചുനീക്കി,  പൊതുജനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കി.

കൊച്ചി: വടുതല ബോട്ട് ജെട്ടി റോഡിൽ വായനശാലയ്ക്ക് സമീപം അപകടാവസ്ഥയിൽ നിന്നിരുന്ന കൂറ്റൻ മരം കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ ആരോഗ്യവിഭാഗം മുറിച്ചുനീക്കി. പ്രദേശത്തെ സ്കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും വലിയ ഭീഷണിയായിരുന്ന ഈ മരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ (CMO Portal) വഴി സമർപ്പിച്ച അപേക്ഷയെത്തുടർന്നാണ് നടപടി.

ഏതാനും നാളുകൾക്ക് മുൻപ് ഈ മരത്തിന്റെ ഒരു വലിയ ഭാഗം ഒടിഞ്ഞ് ഒരു വാഹനത്തിന് മുകളിൽ വീണിരുന്നു. അന്ന് ഫയർഫോഴ്‌സ് എത്തിയാണ് അത് മുറിച്ചുമാറ്റിയത്. മരത്തിന്റെ ബാക്കി ഭാഗം വലിയ പൊത്തുകളോടും ദ്രവിച്ച വേരുകളോടും കൂടി അതീവ അപകടാവസ്ഥയിലായിരുന്നു. സമീപത്തെ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾ തങ്ങളുടെ വാഹനങ്ങൾ കാത്തുനിൽക്കുന്നതും ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതും ഈ മരത്തിന് ചുവട്ടിലായിരുന്നു എന്നത് വലിയൊരു അപകടസാധ്യതയാണ് ഉയർത്തിയിരുന്നത്.

സുജിത് സി. സുകുമാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി ഒൻപതോടെ മരം പൂർണ്ണമായും മുറിച്ചുനീക്കി പാത സുരക്ഷിതമാക്കി.