ചൂലൂർണ്ണിക്കര: ചൂലൂർണ്ണിക്കര പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് അളന്നുതിരിച്ച് അതിർത്തിക്കല്ലുകൾ സ്ഥാപിച്ച പുറമ്പോക്ക് ഭൂമി പൂർണ്ണമായും കാടുകയറി നശിക്കുന്നതിൽ ലൈഫ് ആക്ഷൻ കൗൺസിൽ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തുന്നു. പഞ്ചായത്തിലെ 18-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ‘ദേശായി ഹോംസിനോട്’ അനുബന്ധിച്ചുള്ള സർവേ 176/1-ലെ 42 സെന്റ് പുറമ്പോക്ക് ഭൂമിയാണ് നിലവിൽ അധികൃതരുടെ അവഗണന മൂലം കാടുമൂടിക്കിടക്കുന്നത്.
താലൂക്ക് സർവേയർ കൃത്യമായി അതിർത്തികൾ തിരിച്ച്, ഈ സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്ന് പ്രഖ്യാപിക്കുകയും ലൈഫ് മിഷന് അനുയോജ്യമാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ജെ.സി.ബി ഉപയോഗിച്ച് കാട് വെട്ടിത്തെളിച്ച് ഭവന നിർമ്മാണ പദ്ധതിയുടെ പ്രാരംഭ നടപടികളിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ് ആക്ഷൻ കൗൺസിൽ രംഗത്തെത്തിയിട്ടുണ്ട്. വസ്തു പൂർണ്ണമായി വൃത്തിയാക്കി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ജനുവരി 14-ന് നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഉത്തരവിട്ടിരുന്നതുമാണ്.
ഈ യോഗത്തിൽ വെച്ച് പഞ്ചായത്ത് തഹസിൽദാർക്കും വില്ലേജ് ഓഫീസർക്കും നിർദ്ദേശങ്ങൾ നൽകുകയും, കാടുവെട്ടി സ്ഥലം വൃത്തിയാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഏപ്രിൽ 28-ന് താലൂക്ക് സർവേയർ സ്ഥലത്തെത്തിയപ്പോൾ, പഞ്ചായത്ത് അധികൃതർ അതിർത്തിക്കല്ലുകൾ സ്ഥാപിക്കേണ്ട ഭാഗങ്ങളിൽ മാത്രം പേരിന് കാട് വെട്ടിമാറ്റി ഒളിച്ചുകളി നടത്തുകയാണ് ചെയ്തത്. നിലവിൽ ഈ ഭൂമി വീണ്ടും കാടുമൂടി, മുൻപ് സ്ഥാപിച്ച അതിർത്തിക്കല്ലുകൾ പോലും കണ്ടെത്താനാകാത്ത വിധം നശിച്ച നിലയിലാണ്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിൽ, നിലവിലെ ഭരണമുന്നണി തങ്ങളുടെ പ്രകടനപത്രികയിലൂടെ ലൈഫ് മിഷൻ ഭവനപദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും അഞ്ച് വർഷത്തിനകം വീടുകൾ ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. കൂടാതെ, ഭൂരഹിത-ഭവനരഹിതരായി 2017 മുതൽ ലിസ്റ്റിലുള്ള അറൂനൂറോളം പേർക്ക് പുനരധിവാസം ഒരുക്കുന്നതിനായി പുറമ്പോക്ക്-മിച്ചഭൂമികൾ കണ്ടെത്തണമെന്ന് മുൻ ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിനായി കഴിഞ്ഞ വർഷത്തെ ബജറ്റിൽ ഒരു കോടി പത്ത് ലക്ഷം രൂപയും, പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റിൽ മൂന്ന് കോടി രൂപയും വകയിരുത്തിയിരുന്നതുമാണ്. എന്നാൽ ഈ ഫണ്ടുകൾ കൃത്യമായി വിനിയോഗിച്ച് അർഹരായവർക്ക് ഭൂമിയും പാർപ്പിടവും ഒരുക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകുന്നില്ലെന്ന് കൗൺസിൽ കുറ്റപ്പെടുത്തി.
പ്രധാന ആവശ്യങ്ങൾ:
- കാടുമൂടിക്കിടക്കുന്ന 42 സെന്റ് ലൈഫ് ഭവനപദ്ധതി ഭൂമി അടിയന്തരമായി ജെ.സി.ബി (JCB) ഉപയോഗിച്ച് വൃത്തിയാക്കുക.
- ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ ഉത്തരവ് പാലിച്ച് വസ്തുവിന്റെ അടിയന്തര റിപ്പോർട്ട് ഉടൻ സമർപ്പിക്കുക.
- ബജറ്റിൽ വകയിരുത്തിയ തുക കൃത്യമായി വിനിയോഗിച്ച് ഭൂരഹിതർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കുക.
തദ്ദേശ സ്വയംഭരണ വകുപ്പ് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, ലൈഫ് മിഷൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന പഞ്ചായത്ത് അധികൃതരുടെ നടപടികൾക്കെതിരെ ശക്തമായ അന്വേഷണം നടത്തണമെന്നും ലൈഫ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
