കൊച്ചി: വൈറ്റില മേഖലയിലെ ജനങ്ങൾ നേരിടുന്ന അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾക്കും ശുചിത്വമില്ലായ്മയ്ക്കും അടിയന്തര പരിഹാരം കാണുന്നതിനായി കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നു. വൈറ്റില അണ്ടർ പാസ്സിലെ സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കാത്തതുമായി ബന്ധപ്പെട്ടും, ഇവിടെ നടക്കുന്ന നിയമവിരുദ്ധമായ മാലിന്യ നിക്ഷേപം തടയുന്നതിനും ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ. സുജിത് സുകുമാരൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കോർപ്പറേഷൻ്റെ അടിയന്തര ഇടപെടൽ.
പൊതുജനങ്ങൾ ഉന്നയിച്ച പരാതികളുടെ ഗൗരവം കണക്കിലെടുത്ത് വൈറ്റില മേഖല കാര്യാലയത്തിലെ ടൗൺപ്ലാനിംഗ്/എഞ്ചിനീയറിംഗ് വിഭാഗം ആവശ്യമായ തുടർനടപടികൾക്കായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്ക് ഇതിനകം തന്നെ ഔദ്യോഗിക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളിലാണ് കോർപ്പറേഷൻ അടിയന്തരമായി ഇടപെട്ടിട്ടുള്ളത്:
മാലിന്യ നിർമ്മാർജ്ജനം: വൈറ്റില അണ്ടർ പാസ്സിനടിയിലായി വലിയ തോതിൽ കുമിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യുന്നതിനും പ്രദേശം വൃത്തിയായി സൂക്ഷിക്കുന്നതിനുമായി കോർപ്പറേഷൻ്റെ ഹെൽത്ത് വിഭാഗത്തിന് പ്രത്യേക നിർദ്ദേശം (കുറിപ്പ്) നൽകിയിട്ടുണ്ട്.
സ്ട്രീറ്റ് ലൈറ്റ് സംവിധാനം പുനഃസ്ഥാപിക്കൽ: വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിന് മുന്നിലുള്ള വൈറ്റില-തൃപ്പൂണിത്തുറ റോഡിലും, വൈറ്റില-അരൂർ റോഡിലും നിലവിലുള്ള സ്ട്രീറ്റ് ലൈറ്റ് സംവിധാനങ്ങൾ അടിയന്തരമായി പ്രവർത്തനക്ഷമമാക്കുന്നതിന് ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി കോർപ്പറേഷൻ ഔദ്യോഗികമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. വൈറ്റില-തൃപ്പൂണിത്തുറ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ (PWD Roads Division) കീഴിലും, വൈറ്റില-അരൂർ റോഡ് ദേശീയപാത അതോറിറ്റിയുടെ (NH Central Circle) പരിധിയിലും വരുന്നതിനാലാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾ തീർക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇരു വകുപ്പുകൾക്കും കത്ത് നൽകിയത്.
യാത്രക്കാരുടെയും പ്രദേശവാസികളായ ഭക്തജനങ്ങളുടെയും സുരക്ഷിതത്വവും പ്രദേശത്തെ ശുചിത്വവും മുൻനിർത്തി ഈ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ കോർപ്പറേഷൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു.
സുജിത് സി. സുകുമാരൻ സെക്രട്ടറി – എറണാകുളം ജില്ല, ആം ആദ്മി പാർട്ടി.


