എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരണം

എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരണം: കോടികളുടെ പുതിയ സമുച്ചയത്തിന് കാത്തിരിക്കാതെ കുറഞ്ഞ ചിലവിൽ പ്രായോഗിക പരിഹാരം വേണം; എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ

കൊച്ചി: വർഷങ്ങളായി വെള്ളക്കെട്ടിലും ശോച്യാവസ്ഥയിലും തുടരുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് ശാശ്വത പരിഹാരം കാണുന്നതിനായി പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ആം ആദ്മി പാർട്ടി (AAP) എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാൻഡ് നിർമ്മാണത്തിനുള്ള എസ്റ്റിമേറ്റ് 13 കോടി രൂപയായി കുറച്ച സാഹചര്യത്തിൽ, ലഭ്യമായ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി മികച്ച സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതിയാണ് അദ്ദേഹം സമർപ്പിച്ചത്.

പ്രധാന നിർദ്ദേശങ്ങൾ:

  • അംബേദ്കർ സ്റ്റേഡിയം റോഡ് വികസനം: ബസ് സ്റ്റാൻഡിന് പിന്നിലുള്ള അംബേദ്കർ സ്റ്റേഡിയത്തോട് ചേർന്ന് കിഴക്ക് (150 മീറ്റർ), വടക്ക് (180 മീറ്റർ) വശങ്ങളിലായി പുതിയ റോഡുകൾ വികസിപ്പിക്കുക. ഇത് സ്റ്റാൻഡിലെ തിരക്ക് കുറയ്ക്കാനും ഗതാഗതം സുഗമമാക്കാനും സഹായിക്കും.
  • വെള്ളക്കെട്ട് പരിഹരിക്കൽ: സ്റ്റാൻഡിനോട് ചേർന്നുള്ള ഓടകളുടെ ആഴവും വീതിയും വർദ്ധിപ്പിക്കുക. കാനകൾ ശരിയായി നവീകരിച്ചാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെയും അംബേദ്കർ സ്റ്റേഡിയത്തിലെയും വെള്ളക്കെട്ട് സ്ഥിരമായി ഒഴിവാക്കാം.
  • ജി.സി.ഡി.എ ഷോപ്പുകളുടെ വിനിയോഗം: അംബേദ്കർ സ്റ്റേഡിയത്തിൽ ജി.സി.ഡി.എയുടെ കീഴിലുള്ള 25-ഓളം കടമുറികൾ കഴിഞ്ഞ 7 വർഷമായി പൂട്ടിക്കിടക്കുകയാണ്. പുതിയ ബസ് ടർമിനൽ നിർമ്മിക്കുന്നത് വരെ ഈ കടമുറികൾ കെ.എസ്.ആർ.ടി.സിക്ക് കൈമാറണം. ഇത് യാത്രക്കാർക്ക് സൗകര്യപ്രദമായ കടകളും ഓഫീസുകളും ഒരുക്കാൻ സഹായിക്കും.
  • പൊതു സൗകര്യങ്ങൾ: വൃത്തിയുള്ള പൊതു ശൗചാലയങ്ങൾ, പേ ആൻഡ് പാർക്ക് സൗകര്യം എന്നിവ ഉടൻ സജ്ജമാക്കുക.

പദ്ധതിയുടെ നേട്ടങ്ങൾ:

  • കെ.എസ്.ആർ.ടി.സിക്ക് വൻ സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ ആധുനിക സൗകര്യങ്ങൾ ഒരുക്കാം.
  • ജി.സി.ഡി.എയ്ക്കും കടയുടമകൾക്കും വരുമാനം വർദ്ധിക്കും.
  • യാത്രക്കാർക്കും ജീവനക്കാർക്കും വൃത്തിയുള്ള സാഹചര്യം ഉറപ്പാക്കാം.
  • അംബേദ്കർ സ്റ്റേഡിയത്തിന്റെ മുഖച്ഛായ മാറുകയും സ്റ്റേഡിയം നവീകരണത്തിന് പുതിയ വഴിതുറക്കുകയും ചെയ്യും.

“പി.ഡബ്ല്യു.ഡി, കെ.എസ്.ആർ.ടി.സി, ജി.സി.ഡി.എ എന്നീ വകുപ്പുകൾ സംയുക്തമായി ചർച്ച ചെയ്താൽ വളരെ കുറഞ്ഞ ചിലവിൽ ഈ പദ്ധതി നടപ്പിലാക്കാം. എറണാകുളത്തെ സാധാരണക്കാരായ യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കാൻ സർക്കാർ ഉടൻ ഇടപെടണം,” എന്ന് സുജിത് സി. സുകുമാരൻ ആവശ്യപ്പെട്ടു.